Sunday, August 29, 2010

റിപ്പര്‍


സ്കൂള്‍ വേനലവധിക്ക് (1985-95 കാലഘട്ടം) എറണാകുളത്തു മമ്മിടെം പപ്പെടെം തറവാട്ടില്‍ പോയി നില്‍ക്കുന്നത് കുട്ടികളായ എന്നെയും ചേച്ചിയെയും സംബന്ധിച്ച് അക്കാലത്ത് ഏറ്റവും ആഹ്ലാദകരമായ കാര്യം ആയിരുന്നു...തിരുവനന്തപുരത്തെ സ്കൂള്‍ ജീവിതത്തില്‍ നിന്നും മാറി സ്നേഹമുള്ള കുറെ മനുഷ്യരുടെ കൂടെയുള്ള അവധികാലങ്ങള്‍..

എറണാകുളത്തു നിന്നും പ്രൈവറ്റ് ബസ്സില്‍ ആണ് മണീട് എന്ന ആ ഗ്രാമത്തിലേക്ക് ഉള്ള യാത്ര. നഗര കാഴ്ചകള്‍ പതിയെ റബ്ബര്‍ തോട്ടങ്ങള്‍ക്ക് വഴിമാറുമ്പോള്‍ ഞങ്ങള്‍ അനുഭവിച്ചിരുന്ന സന്തോഷം ഒന്ന് വേറെ തന്നെ ആയിരുന്നു ...പാമ്പ്ര കവല  എന്ന് വിളിക്കുന്ന നാലും കൂടിയ ജങ്ക്ഷന് സമീപം ആണ് മമ്മിയുടെ തറവാട് ...മമ്മിയോടുള്ള സ്നേഹവും പിന്നെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കാണുന്നത് കൊണ്ടുമാവും പൊതുവേ ആ നാട്ടുകാര്‍ക്കെല്ലാം ഞങ്ങളോട് വളരെ വാത്സല്യം ആയിരുന്നു...

മമ്മിയുടെ തറവാട് വീടിന്റെ വടക്കു ഇളയ സഹോദരന്‍ തങ്കച്ചന്‍ ചാച്ചന്റെ വീടിനു വടക്കേ വീടെന്നും, പടിഞ്ഞാറുള്ള മൂത്ത സഹോദരന്‍ കുര്യന്‍ ചാച്ചന്റെ വീടിനു പടിഞ്ഞാറെ വീടെന്നും അവിടുത്തുകാര്‍ വിളിച്ചു പോന്നിരുന്നു...


വടക്ക്-പടിഞ്ഞാറു വീടുകള്‍ക്കും തറവാട്ട്‌ വീടിനും ഇടയ്ക്ക് നിറയെ തണല്‍ മരങ്ങള്‍ ഉള്ള  പറമ്പുകള്‍ ഉണ്ടായിരുന്നു , തെങ്ങും, പനയും, കുരുമുളക് പടര്‍ത്തിയ കവുങ്ങുകളും മാവും ഇലുംബന്പുളിയും, പുളിയും, കാപ്പിയും, ജാതിയും, ആഞ്ഞിലിയും മറ്റും...വടക്കേ വീടിന്റെ പിന്നില്‍ ആയിരുന്നു റബ്ബര്‍ തോട്ടങ്ങള്‍. ഞങ്ങള്‍ നാട്ടില്‍ എത്തിയാല്‍ പിന്നെ ചുറ്റുപാടും ഉള്ള സമപ്രായകാരായ പിറുങ്ങിണി പിള്ളാരായ പ്രസാദും അവന്റെ ചേട്ടനും കുട്ടന്മോനും എല്ദോസും ഷല്ലിയും ദിവ്യയും ധന്യയും ഒക്കെ പ്രാതല്‍ കഴിച്ചു കഴിഞ്ഞാല്‍ ഉടനെ കളിക്കുവാനായി പടിഞ്ഞാറെ വീടിന്റെ പിന്‍വശത്ത് ഒത്തു ചേരുമായിരുന്നു ...തിരുവനന്തപുരത്ത് നിന്നും വന്ന വിരുന്നുകാര്‍ എന്നാ നിലയ്ക്ക് ഞങ്ങള്‍ക്ക് കൂട്ടുകാരുടെ ഇടയില്‍ പ്രത്യേക പരിഗണന ലഭിച്ചിരുന്നു...പിന്നെ എല്ലാവരും ചേര്‍ന് വിശാലമായ പറമ്പുകളില്‍ സാറ്റ് കളി മരത്തേല്‍ പിടിച്ചു കളി തുടങ്ങിയ നാടന്‍ കളികളില്‍ മുഴുകും...അതോടൊപ്പം കാറ്റത്ത്‌ വീഴുന്ന മാമ്പഴവും ആഞ്ഞിലിപഴവും പെറുക്കുവാനോടിയും ഒക്കെ ഞങ്ങള്‍ ആ ദിവസങ്ങള്‍ വളരെ രസകരമായി ചിലവഴിച്ചു ...എന്റെ ചേച്ചിയും പടിഞ്ഞാറെ വീട്ടിലെ മൂന്നു ചേച്ചിമാരും പരദൂഷണം പറഞ്ഞും കൊത്തംകല്ലാടല്‍ എന്ന വിനോദത്തില്‍ എര്‍പെട്ടും മറ്റും സമയം കളഞ്ഞു...സമീപത്തുള്ള കനാലില്‍ പോയീ തലകുത്തി മറിഞ്ഞു കുളിക്കുക, റബ്ബര്‍ തോട്ടത്തിലൂടെ വെറുതെ കുത്തി മറിയുക, അടുത്തുള്ള കുരിശു പള്ളിയില്‍ പോയി മെഴുകുതിരി കത്തിക്കുക, അപ്പന്റെ പീടികയില്‍ സഹായത്തിനു എന്ന വ്യാജേനെ മിട്ടായി അടിച്ചുമാറ്റനായി ഇരിക്കുക എന്ന രീതിയില്‍ കാര്യങ്ങള്‍ ഭംഗിയായി മുന്നോട്ടു പോയ്കൊണ്ടിരുന്നു...റബ്ബര്‍ തോട്ടത്തിലെ ചീവിടുകളുടെ സ്വരവും ഉണങ്ങാനിട്ട റബ്ബര്‍ ഷീറ്റുകളുടെ ഗന്ധവും ഭരണികളിലെ ഉപ്പുമാങ്ങയുടെ രുചിയും ഒക്കെയുള്ള സുന്ദരമായ ബാല്യകാല ഓര്‍മ്മകള്‍...         

ചില ദിവസങ്ങളില്‍ ഞങ്ങള്‍ രാത്രി ഏറെ വരെയും വടക്കേ വീട്ടിലോ പടിഞ്ഞാറേ വീട്ടിലോ തങ്ങുമായിരുന്നു. ഒരു ദിവസം രാത്രി ഒരു എട്ടരക്ക് കറന്റ്‌ പോയപ്പോള്‍ ചേച്ചി പടിഞ്ഞാറെ വീട്ടിലും ഞാന്‍ തറവാട്ടിലും ആയിരുന്നു...ചേച്ചിയെ അത്താഴത്തിനു കൂട്ടി കൊണ്ട് വരാന്‍ വേണ്ടി ഞാന്‍ പടിഞ്ഞാറെ വീട്ടിലേക്കു ഒരു ടോര്‍ച്ചും എടുത്തു പുറപെട്ടു ...എന്തോ അന്ന് ആരെയാ കണി കണ്ടതെന്ന് ശെരിക്കും ഓര്‍മ്മയില്ല...ഞാന്‍ ഒരു നേരമ്പോക്കിന് ആ വീടിന്റെ പടിഞ്ഞാറു ഭാഗത്ത്‌ ഹാളിന്റെ ജനലില്‍ കൂടെ വെറുതെ ഒന്ന് ടോര്‍ച് അടിച്ചു നോക്കി .... ആഹഹാ ഞാന്‍ ഉദ്ദേശിച്ചതിലും ഭയാനകം ആയിരുന്നു പ്രതികരണം...അപ്പോള്‍ ആ വീട്ടില്‍ നിന്നും ഉയര്‍ന്ന നിലവിളികള്‍ കേട്ട് ഞാന്‍ നിക്കെണോ അതോ ഒടെണോ എന്ന് കൂലങ്കുഷമായി  ഒരു നിമിഷം ആലോചിച്ചു...പിന്നെ ധൈര്യം സംഭരിച്ചു നിഷ്കളങ്കനായീ ചെന്ന് മുന്‍വാതിലില്‍ മുട്ടി...ഇവിടിപ്പോ ഇതിനും മാത്രം ബഹളം വെയ്ക്കാന്‍ എന്തുണ്ടായി എന്നാ ലൈനില്‍ നിന്ന എന്നോട് ആരൊക്കെ എന്തൊക്കെ ചീത്ത പറഞ്ഞു എന്ന് ഇപ്പോള്‍ നല്ല ഓര്‍മയില്ല...എന്തായാലും ആരും അത് ഒരു തമാശ ആയീ കാണാന്‍ ഉള്ള ഒരു മാനസിക അവസ്ഥയില്‍ ആയിരുന്നില്ല...ഞാന്‍ അത്യാവശ്യം നല്ല രീതിയില്‍ ചമ്മി ...ആയിടെക്കാണ് സ്ത്രികളെ തലയ്ക്കു അടിച്ചു കൊല്ലുന്ന ഒരു റിപ്പര്‍ നാട്ടില്‍ ഒക്കെ പത്രവാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നത്...റിപ്പര്‍ ചാക്കോയെ മനസ്സില്‍ ധ്യാനിച്ച് ഇരിക്കുകയായിരുന്ന ചേച്ചിമാര്‍ പെട്ടന്ന് ഇരുട്ടത്ത്‌ ഉണ്ടായ ആ വെളിച്ചം കണ്ടു ഭയന്ന് വിറച്ചു നിലവിളിച്ചതായിരുന്നു നേരത്തെ ഞാന്‍ കേട്ട ബഹളം.......


ചെറിയ പ്രായത്തില്‍ തന്നെ റിപ്പര്‍ പദവി ലഭിച്ച ഞാന്‍ രണ്ടു ദിവസത്തേക്ക് പടിഞ്ഞാറെ വീടിന്റെ സൈഡ്-ഇലേക്ക് പോയില്ല എന്ന് മാത്രമല്ല എങ്ങിനെ എങ്കിലും തിരിച്ചു തിരുവനന്തപുരത്ത് എത്തിയാല്‍ മതിയെന്നും ആയീ എനിക്ക് ....പക്ഷെ എന്നെ കാണാതെ ആയപ്പോള്‍ എല്ലാവര്ക്കും വീണ്ടും ഒരു വാത്സല്യം ഒക്കെ തോന്നിയത് കൊണ്ട് ഞാന്‍ കടുത്ത തീരുമാനങ്ങള്‍ ഒന്നും എടുത്തില്ല :)