Saturday, July 31, 2010

ചാവടിമുക്ക് ദുരന്തം

ഞാന്‍ പതിനൊന്നില്‍ പഠിക്കുന്ന കാലം,  ഒരു ദിവസം വൈകിട്ട് പപ്പാ വീട്ടിലേക്കു വന്നത് ഒരു പുത്തന്‍ ഹെര്കുലിസ് സൈക്കിള്‍-ഉം ആയിട്ടാണ്... എത്ര കാലമായീ ഈ കാത്തിരുപ്പ് തുടങ്ങിയിട്ട് ? എന്താ അവന്റെ ഒരു തലയെടുപ്പ്...ആ കൊമ്പ് പോലുള്ള ഹാന്റില്‍ ബാറും ... തിളങ്ങുന്ന ഷോക്ക്‌ അബ്സോര്‍ബര്‍-ഉം ... യാതൊരു ആവശ്യയവും ഇല്ലെങ്കില്‍ പോലും ഡെയിലി ഞാന്‍ അതിനെ തുടച്ചു മിനുക്കാന്‍  വെറുതെ സമയം കളഞ്ഞു. 

അന്നൊക്കെ വെളുപ്പിന് അഞ്ചരക്ക് മര്യാദക്ക്  KSRTC ബസില്‍ കേറി   അപ്പ റാവു  സാറിന്റെ IIT കൊച്ചിങ്ങിനു പോയീ കൊണ്ടിരുന്ന ഞാന്‍ അതിലേറെ കഷ്ടപ്പെട്ട് എട്ടു പത്തു കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി അതെ കൊച്ചിങ്ങിനു പോവാന്‍ തുടങ്ങി...കേശവദാസപുരം കയറ്റം പകുതി വരെ ആത്മവിശ്വാസത്തിന്റെ ബലത്തില്‍ ഞാന്‍ ഇരുന്നും പിന്നെ എണീറ്റ്‌ നിന്നും ചവിട്ടുമായിരുന്നു ....പകുതി കഴിഞ്ഞാല്‍ പിന്നെ ആരും പറയാതെ തന്നെ ബഹുമാനത്തോടെ സൈക്കിള്‍-ഇല്‍ നിന്നും ഇറങ്ങി അതിനെയും തള്ളി  ജങ്ഷന്‍ വരെ പോകും - അത് ഒരു ഒന്നൊന്നര കേറ്റം ആണ് ...ഇങ്ങിനെ വിയര്‍ത്തു കുളിച്ചു ട്യുഷന് പോകേണ്ട കാര്യം ഒന്നും എനിക്ക് ഇല്ലായിരുന്നു ...പിന്നെ പന്ത്രണ്ടാം ക്ലാസ്സില്‍ ദയനീയമായി തോല്കുക എന്നൊക്കെ  പറഞ്ഞാല്‍ മോശമല്ലേ? ഏതായാലും സാധാരണ ട്യുഷന്‍ പോലെ അല്ലായിരുന്നു അപ്പ റാവു സാറിന്റെ ക്ലാസ്സ്‌ ...അത് വളരെ ബുദ്ധി കൂടിയ ഇനം കുട്ടികള്‍ക്ക് IIT എന്ട്രന്‍സ് ലെക്ഷ്യം വെച്ചുള്ള കോച്ചിംഗ് ആയിരുന്നു ...ഞാന്‍ അധികം ധീര്ഘിപ്പികുന്നില്ല്ലാ ...എനിക്കും അപ്പ റാവു സാറിനും അറിയാമായിരുന്നു അത് ഒരിക്കലും വേവില്ലാത്ത പരിപ്പാണെന്ന്...പന്ത്രണ്ടു പാസ്സായാലല്ലേ IIT എന്ട്രന്‍സ് ഒക്കെ എഴുതാന്‍ പറ്റു?  പന്ത്രണ്ടോക്കെ പാസ്സായ കഥ പിന്നീടെപ്പോഴെങ്കിലും എഴുതെണം ...   

എന്തായാലും പുതിയ സൈക്കിള്‍-ഇല്‍ ഇരുന്നു യാത്ര ചെയ്യുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ യാതൊരു പ്രകോപനവും കൂടാതെ അതിന്റെ ബ്രേക്ക്‌ പിടിച്ചു അനാവശ്യമായ ശബ്ദം ഉണ്ടാക്കുമായിരുന്നു .ഒന്നും വേണം എന്ന് വെച്ചല്ല, വെറുതെ പെണ്‍കുട്ടികളുടെ ഒക്കെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി മാത്രം. അക്കാലത്തു കറുത്ത് സായിപ്പു പോലിരുന്ന ഞാന്‍ വൈകിട്ട് വെയില് കൊണ്ട് പത്തു കിലോമീറ്റര്‍ ചവിട്ടി വീട്ടില്‍ എത്തുമ്പോഴേക്കും പേരിടാത്ത ഒരു പ്രത്യേക തരം നിറത്തില്‍ ആകുമായിരുന്നു ...എന്റെ ഈ പരാക്രമങ്ങള്‍ ഒക്കെ ഒന്ന് അവസാനിക്കാന്‍ ഒരു ദുരന്തം തന്നെ വേണ്ടി വന്നു.....

അന്നും പതിവ് പോലെ ബ്രേക് പിടിച്ചും കൈകള്‍ വിട്ടു പ്രാക്ടീസ് ചെയ്തും ഞാന്‍ ശ്രീകാര്യം വരെ പോന്നു ...ചാവടിമുക്കിലെക്കുള്ള വളവില്‍ വെച്ച് ഒരു സൂപ്പര്‍ ഫാസ്റ്റ് ബസ്‌ എന്നെ തൊട്ടു തൊട്ടില്ല എന്നാ മട്ടില്‍ അങ്ങ് പോയീ .... അതി വിദഗ്ദമായി ഞാന്‍ സൈക്കിള്‍ സൈഡ്-ഇലേക്ക് വെട്ടിച്ചു, ഞാനാരാ മോന്‍? ...പിന്നീട് ഞാനാണോ സൈക്കിള്‍ ആണോ കൂടുതല്‍ വേഗതയില്‍ റോഡിലുടെ ഉരഞ്ഞു മുന്നോട്ടു പ്രയാണം ചെയ്തതെന്ന് അടുത്ത പീടികയില്‍ ഉണ്ടായിരുന്നവരും കണ്ടില്ല എനിക്കൊട്ടു ഓര്‍മയും ഇല്ല ...ആരൊക്കെയോ ചേര്ന്നു അടുത്ത വീട്ടിലെ കിണറിന്റെ അടുത്ത് കൊണ്ട് പോയി ഇരുത്തിയത് ഇന്നലത്തെ പോലെ ഞാന്‍ ഓര്‍കുന്നു ....ഹായ് നോക്കു,  വെളുത്ത യുണിഫോമിലേക്ക്  താടിയില്‍ നിന്നും ചോര വീണു കൊണ്ടേയിരിക്കുന്നു, പോരാത്തതിനു കാലിലും, കയ്യിലും , നെഞ്ചിലും എല്ലാം നല്ല നീറ്റലും ......" ഇപ്പോഴും താടിയില്‍ അന്ന് സ്ടിച് ഇട്ട ഭാഗത്ത്‌ ഷേവ്  ചെയ്യേണ്ട  ആവശ്യം ഇല്ല ....

പിന്നീട് എഞ്ചിനിയറിങ്ങിനു പഠിക്കുമ്പോള്‍ ലെക്ഷ്മി ലോഡ്ജില്‍ താമസിച്ചിരുന്ന എന്റെ സുഹൃത്ത്‌ റെക്സന്‍ ഒരിക്കല്‍ ഈ സൈക്കിള്‍ എന്തോ ആവശ്യത്തിനു എടുത്തുകൊണ്ടു പോയി. ഏതാനും ദിവസത്തിന് ശേഷം ഒരു രാത്രിയില്‍ ആ ലോഡ്ജില്‍ നിന്നും ആരോ അതിനെ അടിച്ചുമാറ്റി . തുടര്ന്നു റെക്സന്‍, മോഷണം പോയ സൈക്കിള്‍ സഹായ ഫണ്ടിലേക്ക്  ഉദാരമായി സംഭാവന ചെയ്യുക എന്ന് പറഞ്ഞു ക്ലാസ്സില്‍ കുറെ ദിവസം വെറുതെ പിരിവു നടത്തുന്നുണ്ടായിരുന്നു ...    



No comments: